Tuesday, 14 January 2014

ടൂറിസ്ററ്

പാരീസും, പട്ടണവും
താജ്മഹലും, കുട്ടനാടും പോലെ
വഴിയരികിൽ വീണവനും,
തൂങ്ങി മരിച്ചവനും ,
അന്യോന്യം വെട്ടാനോങ്ങുന്നവനും
ചോര വാർന്നു കിടക്കുന്നവനും,
തെരുവ് പട്ടിയോട്‌
ചോറു പങ്കിടുന്നവനും ..
നമുക്കൊരു കാഴ്ച മാത്രമായി.
റെയിൽവേ സ്റ്റേഷനിൽ,
ബസ്സ് സ്റ്റാന്റിൽ , ഷോപ്പിംഗ് മാളിൾ ,
മൂത്രപപുരകളിൽ, തട്ടുകടകളിൽ ..
നമ്മളും വെറും പകർപ്പുകളായി ...
          
                  4-6-8-16-20-  എന്ന് കണ്ണിന്റെ 
                  മെഗാപിക്സൽ...
                  77-33-11-8-0- എന്ന് മനസ്സിന്റെ
                  മെഗാപിക്സലും...
                  ഉപ്പ്‌  വാങ്ങാൻ പോയ
                  ബാലുശ്ശേരി ചന്തയും,
                  ചൂണ്ടയിട്ട, മുങ്ങിക്കുളിച്ച
                  നാട്ടുപുഴയും  ടൂറിസ്റ്റ്‌
                  കാഴ്ചകളായി ....
                  ഒരു നിറഞ്ഞ ചിരിയുമായി
                  ഹൃദയം തുറന്നു പരസ്പരം
                  പകർത്തിയ നമ്മൾ
                  ഒരൊറ്റ ഫ്ലാഷിൽ
                  എല്ലാം മറന്നു ..
                  ഒരു മുഖപുസ്തകത്തിൽ
                  എല്ലാ മുഖങ്ങളും ഒളിപ്പിച്ചു വച്ചു ..

എല്ലാ അവസ്ഥകളും
നമുക്കൊരാഘോഷ ദൃശ്യമായി ...
എല്ലാം ....
ഉമ്മയുടെ കണ്ണീരും
ഉമ്മുക്കുലുസ്സുവിന്റെ മരണവും ...

                             

Friday, 3 January 2014

സെ൯റ്റോഫ്

ഇനി നമുക്ക് പണിയേണ്ടത്
അകലങ്ങളുടെ
നൂ‌ൽപാലങ്ങളാണോ..?
ആൾക്കൂട്ടത്തില്
അറിയാതിരിക്കാ൯,
മുഖം മൂടികളോ..
അതോ..പുതിയ
മേൽവിലാസങ്ങളോ...
ഓ൪മകളിൽ ഉമിനീരു
കയ്ക്കുമ്പോൾ ഒളിപ്പിച്ചു
വയ്ക്കാ൯ നാലറകളോ...
എന്തായാലും
പട്ടം നൂലറ്റുപോകും..
ഒഴുക്ക് നിലയ്ക്കും...

രക്തസാക്ഷി

ഗാന്ധിയും,
വിവേകാനന്ദനും,
ഭഗത്സിഗും
വീതം വയ്ക്കപ്പെട്ട
പാവങ്ങൾ...
ചങ്ങല പൊട്ടിച്ച്
ചരട് നേടിയവ൪
ചങ്ങല കൊണ്ട് കൊടി-
മരത്തില് കെട്ടിയിടപ്പെട്ടോ൪...
പരസ്യപ്പലകകൾ
പങ്കിട്ടെടുക്കുന്ന വാചക
യുദ്ധങ്ങൾ.....
അടിവസ്ത്റങ്ങളിൽ
ആദ൪ശം പേറുന്ന
കോമാളി വേഷക്കാ൪....
കൊടിയുടെ ഒറ്റ നിറത്താ
ഒറ്റു കൊടുക്കപ്പെട്ടവ൪....