Monday, 4 June 2012

യാത്രാഡയറി

             

             തൊട്ടടുത്ത് പിറകിലെ സീറ്റുകളിൽ ഞങ്ങളുടെ കൂടെയുള്ളവർ തന്നെയാണ്...രാവിലത്തെ നല്ലൊരു ചായയ്ക് ശേഷം തുടങ്ങിയ ചീട്ടുകളിയിൽ നിന്ന് ഉണരുന്നത്, അവിടെ ബഹളം കേട്ടുകൊണ്ടാണ്. ചീട്ടുകളിക്കൂട്ടം അങ്ങോട്ടുപോയി.ഞാൻ സാവധാനം എഴുന്നേറ്റ് ചെറിയ ദാഹവും തീർത്ത് പിന്നാലെ ചെന്നു, മനസ്സുനിറയെ അടുത്തതായി ചേർത്തുവയ്കേണ്ട പുള്ളിയാണ്. അക്കങ്ങൾ മായാതെ കിടക്കുന്നു................
             അമ്മുമോളുടെ അതേ പ്രായം തോന്നും ഉയരവും, മുടിയുമെല്ലാം സമം, സമം ആ വെള്ളാരം കണ്ണുകൾ അതേപോലെ! കണ്ണുകളങ്ങനെയാണ് എപ്പോഴും നമ്മളോട് കഥ പറഞ്ഞുകൊണ്ടിരിക്കും. തുളുമ്പുവാനുള്ള വെളുപ്പും തുളയ്കുവാനുള്ള കറുപ്പും ഒരേ പാത്രത്തിലങ്ങനെ.. വാക്കുകൾ കൊണ്ട് പലരേയും വളച്ചൊടിക്കുമ്പോൾ അതിനുമുകളിൽ ആയിരം കഥ പറയുന്നവയാണ് കണ്ണുകൾ. അച്ഛനെപ്പോഴും പറയുമായിരുന്നു. സംസാരിക്കുമ്പോൾ കണ്ണുകളിൽ നിന്ന് യാഥാർത്ഥ്യത്തെ തിരിച്ചറിയാനാവുമെന്ന്, ഞാനവളുടെ കണ്ണുകളിലേക്ക് നോക്കിയതേയില്ല! എന്തായാലും ആകെക്കൂടി ചന്തം എന്റെ അമ്മുമോൾക്ക് തന്നെ...
എല്ലാവരും അഭിപ്രായങ്ങൾ പറഞ്ഞു തുടങ്ങി
             -  ഇതിനെയൊക്കെ ആരോ തെണ്ടാൻ വിടുന്നതാ....
             -  എത്രമാത്രം തെണ്ടി പിള്ളേരാ നമ്മുടെ നാട്ടിൽ നിത്യവും എത്തുന്നത്.
      - ഒരു പണിയും എടുത്ത് ജീവിക്കാൻ കഴിയില്ല അതു തന്നെ കാര്യം, പണം കൊടുത്ത് വഷളാക്കുന്നത് നമ്മളു തന്നെയാ......
        - കഴിഞ്ഞ ദിവസം നീ വായിച്ചോ ഒരു അണ്ണാച്ചിയെ പരിശോധിച്ചപ്പോൾ ലക്ഷങ്ങളുണ്ട് അയാളുടെ പക്കൽ. ഇവരോടൊക്കെ നമ്മള് കടം ചോദിക്കേണ്ട ഗതികേടാ.........
           തുടർന്നങ്ങോട്ട് തെരുവിനെക്കുറിച്ച് തെണ്ടികളെക്കുറിച്ച് , ആനുകാലിക സംഭവങ്ങളുടെ ഡയറിവായനപോലെ തുരുതുരെ വന്നുകൊണ്ടിരുന്നു. എനിക്കും എന്തൊക്കെയോ പറയുവാനുണ്ടായിരുന്നു.......
പക്ഷേ.........
          എല്ലാവരും ചർച്ചയൊക്കെ അവസാനിപ്പിച്ചപ്പോഴേക്കും എന്തെങ്കിലും ചില്ലറ കൊടുക്കാമെന്ന ധാരണായായി, ഞങ്ങളുടെ പ്രതിനിധി എന്ന നിലയിൽ സതീശേട്ടൻ പത്തുരൂപ അവൾക്കുനേരെ നീട്ടി. സീറ്റിനരികിൽ കൂട്ടിവെച്ചിരുന്ന ഭക്ഷണപ്പൊതിയിൽ മാത്രം കണ്ണും നട്ട് നിന്ന അവൾക്ക്, അവിടെ മുളച്ച വാക്കുകൾ അകലെയുള്ള ചുഴലിപോലെയും, നീട്ടിപ്പിടിച്ച പത്തു രൂപ പരിഹാസമായും തോന്നിയിട്ടുണ്ടാവാം, എത്ര മുള്ളുകൾ ഇങ്ങനെ തറച്ചിട്ടുണ്ടാവണം, ഇക്കാര്യത്തിൽ അവളൊരു നിത്യാഭ്യാസിയായി തീർന്നിരിക്കാം......
            ഹൊ ! ഞാനായിരുന്നെങ്കിൽ.........
           എന്റെ അഭിമാനം!....... ആരുടേയും പരിഹാസത്തിന് ഞാൻ കാത്തുനിൽക്കില്ല. എവിടെയും തല കുനിക്കുകയുമില്ല. പത്തുരൂപ എന്ന വലിയ തുക അവൾ ആർത്തിയോടെ വാങ്ങുമെന്ന് ഞങ്ങളെല്ലാവരും കരുതി. ആ പണം അവളൊന്ന് നോക്കിയതുപോലുമില്ല. ഭക്ഷണപ്പൊതികളിലൊന്ന് അവകാശത്തോടെ കയ്യിലെടുത്ത് വിശന്നൊട്ടിയ വയറിനു മുകളിൽ ചേർത്തു വെച്ച് ഞങ്ങളോട് കെഞ്ചിക്കൊണ്ടിരുന്നു.പെട്ടെന്ന്! കൂട്ടത്തിൽ ചെറുപ്പക്കാരനായ കബീർ കാക്കയെപ്പോലെ പൊതി ഒറ്റിയെടുത്തു. എല്ലാവരുടേയും മുഖത്ത് ചെറിയ ചിരി പടർന്നു. മറ്റുപൊതികളും സംരക്ഷിച്ച് കബീർ അതിനടുത്ത് തന്നെ ഇരുന്നു. രണ്ടുമൂന്നുപേർ തിടുക്കത്തോടെ അവൾക്ക് പുറത്തേയ്ക്ക് വഴികാട്ടി മുറുമുറുത്തു. ഞങ്ങളുടെ പ്രശംസാപാത്രമായ കബീറിന്റെ കാലു പിടിച്ചു കരയുകയാണവൾ. ഭക്ഷണപ്പൊതിയ്കുവേണ്ടി ഓരോരുത്തരുടേയും കാലുകളിൽ കണ്ണീരുവീഴ്ത്തുന്നു. കാല് സീറ്റിനുമുകളിൽ കയറ്റിവച്ച് രക്ഷപ്പെടാം എന്നു കരുതിയ യുക്തിവാദി രാജൻ മാഷെയും അവൾ വെറുതെ വിട്ടില്ല.. എന്റെ കാൽക്കലെത്തിയപ്പോഴേക്കും, എല്ലാറ്റിനെയും പിറകിലാക്കിക്കൊണ്ട് ഭക്ഷണ വിതരണക്കാരന്റെ വാക്കുകൾ മനസ്സിൽ നിറഞ്ഞു......
           ഓർഡർ പ്രകാരം മാത്രമേ ഭക്ഷണം ഉണ്ടാക്കിയുള്ളു. അധികം തരാനില്ല. ഇപ്പോൾ പിന്നിട്ടത്   പുട്ഗാവ സ്റ്റേഷനാണ്. ഇനി രാത്രി ഒൻപതു മണിക്കേ ഭക്ഷണം കിട്ടൂ.... കോഴിക്കോട്ന് ആണെന്ന് ആരോ പറഞ്ഞപ്പോൾ, നിങ്ങൾക്ക് സ്റ്റേഷനിലിറങ്ങി കഴിക്കുന്നതാനണ് നല്ലതെന്നും അയാൾ സൂചിപ്പിച്ചു.
           അയ്യോ...! അത്രയും നേരമോ.... എന്റെ പൊതി കൂടി ഭദ്രമാക്കി വയ്കാൻ ഞാനും ആഗ്യം കാണിച്ചു. ആഗ്യത്തിനോടുള്ള പ്രതികരണം പോലെ, ഒരു പ്രധിഷേധം പോലെ എന്റെ കാലിൽ നിന്നും പെട്ടെന്ന് കൈ വലിച്ചു. എല്ലാവരും കൂടി പത്തുരൂപകൂടെ ചേർത്ത് ഭക്ഷണത്തിന് പണം കൊടുക്കാൻ തയ്യാറായി, അവൾ എല്ലാവരേയും ഒന്നുകൂടി നോക്കി ദയനീയമായി നിന്നു.. ഇരുപത് രൂപ സഹതാപത്തിന്റെ കനം പേറിക്കൊണ്ട് വന്നു. ' വിശപ്പുമാറ്റാൻ പറ്റാത്ത കടലാസ്സു കഷ്ണങ്ങൾ വിലവയ്കാതെ, അല്പം വേഗത്തിൽ തന്നെ നീങ്ങുന്ന വണ്ടിയിൽ നിന്നും അവൾ ചാടിയിറങ്ങി......
               പണം വാങ്ങാത്തതിനെപ്പറ്റി ആരോ വേദനയോടെ പറഞ്ഞപ്പോൾ, എല്ലാവരും പ്രതിമകളായി, അവളുടെ വിശപ്പിന്റെ ആഴം അത്ര അഗാധമായിരുന്നിരിക്കണം അതോ.....?
                  ആ അന്തരീക്ഷത്തിൽ ഒരു "മൂടൽ മഞ്ഞ്"
                  ഒരു സ്ത്രീ തൂറാനിരിക്കുന്ന കാഴ്ച ജനലിലൂടെ ആരോ ചൂണ്ടിക്കാണിച്ചപ്പോഴാണ് അവിടം ഒന്ന് ചൂടുപിടിച്ചത്, അതിനിടയിൽ ജനലിനോട് ചേർന്നിരിക്കുന്ന കൂട്ടുകാരൻ അവന്റെ പുത്തൻ മൊബൈലിൽ ആ കാഴ്ച പകർത്തി , എല്ലാവരേയും കാണിക്കുന്ന തിരക്കിലായി.... സാരിത്തലപ്പ് കൊണ്ട് അല്പം മറഞ്ഞതിനാൽ വ്യക്തമാവാതെ പോയ അവളുടെ ജനനേന്ദ്രിയത്തെക്കുറിച്ചും, ചലിച്ചുകൊണ്ടിരിക്കുമ്പോഴും വേഗത്തിൽ, കൃത്യമായി ഫോക്കസ് ചെയ്ത് പകർത്താനുള്ള ഫോണിന്റെ കഴിവിനെക്കുറിച്ചും നൂതന സംവിധാനങ്ങളെക്കുറിച്ചുമെല്ലാമുള്ള ചർച്ചയിലാണ്ട് സമയം നീങ്ങിക്കൊണ്ടിരുന്നു.....
                 എല്ലാവരും അവരവരുടെ സ്ഥാനങ്ങളിലേയ്ക് മടങ്ങിപ്പോന്നു, എന്റെ സീറ്റിനടിയിൽ തള്ളിവെച്ച കവറിൽ നോട്ടം ഉടക്കിയപ്പോൾ ഞാനാകെ തകർന്നുപോയി... ആകെക്കൂടി വിയർത്തപ്പോൾ അന്യേഷണച്ചോദ്യങ്ങളുടെ എണ്ണം പെരുകി, തലകറക്കം എന്നൊരു കള്ളം പറഞ്ഞ് ചീട്ടുകളിയിൽ നിന്നൊഴിഞ്ഞുമാറി ഞാനവിടെക്കിടന്നു.
                    ഭക്ഷണം സംരക്ഷിച്ചുവെച്ച കൂട്ടുകാരന്, അത് കൊടുക്കാമായിരുന്നെന്നും, നമുക്ക് പങ്ക്  വച്ച് കഴിക്കാമായിരുന്നെന്നും, മറ്റുമുള്ള അഭിപ്രായങ്ങൾ ഉയർന്നു. അത് എന്നെ വീണ്ടും തളർത്തുന്നതായി വല്ലാതെ മുറിവേൽപ്പിക്കുന്നതായി... നെഞ്ചുവേദനയും തൊണ്ടവേദനയും കൂടിക്കൂടി വന്നു. എങ്ങനെയുണ്ടെന്ന് കൂട്ടത്തിലാരോ ചോദിച്ചു. മറുപടി പറയണമെന്നുണ്ടായിരുന്നു. പക്ഷേ.....കുറച്ചുനേരം മിണ്ടാതിരുന്നതുകൊണ്ടാവാം... ഞാനുറങ്ങിക്കാണും എന്നു പറഞ്ഞത് ഉണ്ണിയാണ് കൂട്ടത്തിലൊന്നുരണ്ടുകൂടി പറഞ്ഞു എന്തായാലും എനിക്കത് വലിയ രക്ഷയായി....
                     അല്പം കഴിഞ്ഞപ്പോൾ എല്ലാവരും വന്നു വിളിക്കുന്നു. ഞാനും എഴുന്നേറ്റ് ഭക്ഷണം കഴിക്കാൻ ഇരുന്നു. നെഞ്ചിൽ എന്തോ കുരുങ്ങിയതു കാരണം താഴോട്ടിറങ്ങാത്തതുപോലെ, വല്ലാത്തൊരു കനം, എല്ലാവരും സന്തോഷത്തോടെ കഴിക്കുമ്പോൾ എനിക്ക് എന്തെന്നില്ലാത്ത ദേഷ്യം വന്നു. പലരും എഴുന്നേറ്റ് തുടങ്ങി, ഉള്ളിൽ വല്ലാതെ ഉലഞ്ഞിട്ടും മുഖത്ത് ചിരി വരുത്തി ഞാനും എഴുന്നേറ്റു. എന്റെ കണ്ണടയ്ക് പരിഹാസത്തിന്റെ പല്ലിളിക്കുന്ന നിറമായിരുന്നു. കൂട്ടത്തിനിടയിൽ ഒന്നിനെ വേറിട്ടു കിട്ടുമ്പോൾ നമ്മൾക്കും ഇതേ നിറമാണോ?.....മുഖം മൂടിയിട്ട ചെന്നായ്ക്കൾ..... പൈപ്പിനുമുന്നിൽ മുഖം കുനിച്ചതും ചർദ്ദലും തുടങ്ങി, ചർദ്ദലിൽ മുഴുവൻ ഞാൻ അത് തിരഞ്ഞു....ഇല്ല!. കൂട്ടുകാരൻ എന്റെ പേര് ആവർത്തിക്കുന്നത് കേട്ട് സീറ്റിനടുത്തേക്ക് ഓടി...
                    നിനക്ക് ഫോൺ, പെണ്ണുമ്പിള്ളയാണെന്നു തോന്നുന്നു. അവളുടെ ശബ്ദം കേട്ടപ്പോൾ എന്തോ ഒരാശ്വാസം, താജ്മഹലിനെക്കുറിച്ചും, പാർലമെന്റിനെക്കുറിച്ചുമൊക്കെ അവൾ ചോദിച്ചു തുടങ്ങി, ആദ്യമായി കേൾക്കുന്ന രണ്ടുപേരുകൾ പോലെ.... ഓർത്തെടുക്കാൻ നോക്കുമ്പോൾ, വണ്ടിയിൽ നിന്ന് ചാടിയിറങ്ങിയ പെൺകുട്ടിയും, സീറ്റിനടിയിലെ കവറും മാത്രം...... എന്താ ഒന്നും മിണ്ടാത്തത് എന്ന അവളുടെ ചോദ്യത്തിന് അമ്മുമോളെ തിരക്കിക്കൊണ്ടുള്ള പാളം തെറ്റിയ എന്റെ ചോദ്യം കേട്ട് അവളും പരിഭ്രമിച്ചിരിക്കണം, ഇന്ന് രാവിലെ നിങ്ങളെ വിളിച്ച് ഉമ്മ തന്നിട്ടല്ലേ അവൾ  സ്കൂളിലേക്ക് പോയത് എന്നിട്ടെന്താ പറ്റിയത് വല്ല സ്വപ്നവും കണ്ടോ? ഏയ് ഇല്ല, എല്ലാത്തിനെക്കുറിച്ചും അവിടെ വന്ന് വിശദീകരിക്കാം എന്ന് അവളെ സമാധാനിപ്പിച്ചു. നീ ഭക്ഷണം കഴിച്ചോ? അമ്മുമോൾക്ക് ഭക്ഷണം കൊടുത്തുവിട്ടോ? ചോദ്യങ്ങൾ അവളെ ഒന്നു തണുപ്പിച്ചിരിക്കണം, സന്തോഷത്തോടെ 'ആ' എന്നു മൂളി.... ആ ഉത്തരം എനിക്കിഷ്ടപ്പെട്ടതേയില്ല. ഒരമ്പേറ്റതുപോലെ, ഫോൺ കട്ട് ചെയ്തു കനം, കൂടിക്കൂടി വരുന്നു...
                   പലരും ഉച്ചമയക്കത്തിലാണ് കൂടെ ഇരുന്നവരെല്ലാം ഉറങ്ങി എന്നുറപ്പു വരുത്തി, സീറ്റിനടിയിൽ നിന്നും ശബ്ദമുണ്ടാക്കാതെ, കവർ എടുത്ത് ഞാൻ വാതിൽക്കലേക്ക് നടക്കുമ്പോൾ എല്ലാം അവസാനിക്കാൻ പോകുന്നതിന്റെയാശ്വാസം ഞാൻ സ്വപ്നം കാണുന്നുണ്ടായിരുന്നു. വെളിച്ചം കണ്ടു തുടങ്ങിയ കണ്ണുകൾ വാതിൽക്കലേക്ക് പാഞ്ഞു.ഒരു കിതപ്പോടുകൂടി ആ വെളിച്ചം പൊലിഞ്ഞത് വാതിൽക്കൽ കാറ്റുകൊള്ളാൻ നിൽക്കുന്ന പരിചയമുള്ള രണ്ടു നിഴലുകളിലായിരുന്നു. അവരുടെ ചോദ്യങ്ങളിൽ ചെന്നു മുട്ടാനുള്ള പേടികൊണ്ട് ധൃതിയിൽ തിരികെ വന്ന് കവർ സീറ്റിനടിയിൽ യാതൊന്നും സംഭവിക്കാത്ത മട്ടിൽ അടക്കിയിരുത്തി... ഡൽഹിയിലേയും, ആഗ്രയിലേയും മനോഹരമായ കാഴ്ചകൾ വാങ്ങിക്കൂട്ടിയ വസ്തുക്കൾ ഇങ്ങനെ നിറമുള്ളതെന്തൊക്കെയുണ്ടായിട്ടും കണ്ണിലുരുണ്ടുകൂടുന്നത്, ആ പെൺകുട്ടിയും, സീറ്റിനടിയിലെ കവറും. ഈ കവറിനെപ്പറ്റി കൂടെയുള്ളവരറിഞ്ഞാൽ.........
                     ഹൊ!  ആലോചിക്കാൻ വയ്യ......പല ചോദ്യങ്ങളുണ്ടായെങ്കിലും അപ്പോൾ ഞാനൊന്നും  പറയാത്തത് ഭാഗ്യമായി......
                    ഒരു ഷോക്കേറ്റതുപോലെ ഞാനുണരുന്നത് ചായയും, കാപ്പിയും തമ്മിലിടിയ്കുന്നത് കേട്ടാണ്... കൂടെയുള്ളവർ വട്ടത്തിലിരുന്ന് ചീട്ടുകളിയ്ക്കുന്നു..... ഏതായാലും എല്ലാം ഒന്നുരുകാൻ ഒരു ചായ കുടിയ്കാമെന്നു വച്ചു. ഇല്ല...!
ചൂടു തീരേ പോരാ....
                    ഒൻപത് മണിയോടെ കോഴിക്കോട്ടെത്തും, ഏകദേശം 8.30 മുതൽ എല്ലാവരും ഒരുക്കം തുടങ്ങി ആകെക്കൂടി വല്ലാതിരിയ്ക്കുമ്പോൾ പെട്ടെന്നാണ് ഒരാശയം തോന്നിയത്. എഴുന്നേറ്റ് ബോഗികളിലെല്ലാം നടന്നു. എവിടെയെങ്കിലും കണ്ടിരുന്നെങ്കിൽ ആ പൊതി ഏൽപ്പിക്കാമായിരുന്നു. പക്ഷേ.......ഏതായാലും ഇനി ഒരു വഴിയേ ഉള്ളൂ, സ്റ്റേഷനെത്തട്ടെ. ഞാനും തയ്യാറായി...."അമ്മയിൽ നിന്നും കിട്ടാനുള്ള സ്നേഹത്തിന്റെ വല്ലാത്ത ഒരു ചൂടുണ്ട്. വല്ലാതെ വീർപ്പുമുട്ടുമ്പോൾ എവിടെയും കനം തൂങ്ങുന്ന മഞ്ഞ് പടരുമ്പോൾ ആ മടിയിൽ തലചായ്ച്, മുടിയിഴകളിലൂടെ തലോടുമ്പോൾ കിട്ടുന്ന സ്നേഹത്തിന്റെ വല്ലാത്തൊരു ചൂട്.. കോഴിക്കോട് സ്റ്റേഷനിൽ നിന്ന് പ്രവഹിക്കുന്ന ശബ്ദ തരംഗങ്ങൾ എന്നിലേക്ക് പകർന്നതും അത് തന്നെയാണ്.." "അകലെയാവുമ്പോൾ പൊള്ളിയ്ക്കുന്നതും, അടുത്തിരിക്കുമ്പോൾ തണുപ്പിക്കുന്നതുമായ ചൂട്..."
                   സ്റ്റേഷനിൽ എല്ലാവരും ഇറങ്ങാൻ തുടങ്ങി, ഞാൻ ധൃതിവയ്ക്കാതെ ഏറ്റവും പിറകിൽ നിന്നു. സൂത്രത്തിൽ ആ പൊതി സീറ്റിൽ തന്നെ വച്ച് ബാഗും മറ്റും എടുത്ത് ഇറങ്ങാൻ തുനിഞ്ഞതും... "സാർ.... ഇതെടുക്കാൻ മറന്നു."
അതേ വെള്ളാരം കണ്ണുകൾ..... ഉയരവും, മുടിയും എല്ലാം സമം, സമം, ഒരാവേശത്തോടെ ഞാനവളുടെ അടുത്തെത്തി ചേർത്തു നിർത്തി കവിളിൽ തലോടി...ഒരു വല്ലാത്ത ആശ്വാസം.....
                    കൂട്ടുകാരൻ രാവിലെ 'ഉല്മാനിക്' സ്റ്റേഷനിൽ കാണാൻ വന്നപ്പോൾ സമ്മാനിച്ച ഭക്ഷണപ്പൊതി. നിനക്കുവേണ്ടി ചുമക്കുകയായിരുന്നു ഞാൻ... ഇതു നിനക്കു നൽകാൻ കഴിയാത്ത ശപിക്കപ്പെട്ട നിമഷത്തെയും, എന്നിലുറഞ്ഞുകൂടിയ വേദനയും എല്ലാം....
                    ഇനിയുള്ള നട്ടുച്ചനേരങ്ങളിൽ എന്റെ സ്വപ്നങ്ങളിൽ ഒരു മണി വറ്റിനുവേണ്ടി കരയുന്ന നീയില്ലാതിരിക്കണം.... പൊതി അവൾക്കു നൽകി സാവധാനം വണ്ടിയിറങ്ങി. മറയിട്ട ജനലിനപ്പുറത്ത് ആ ഭക്ഷണപ്പൊതി അവൾ ആർത്തിയോടെ തിന്നുന്നുണ്ടായിരുന്നു.... എന്റെ സ്വപ്നങ്ങളിൽ നോട്ടവും ചിരിയും മാത്രം ബാക്കിയാക്കിക്കൊണ്ട്... വീണ്ടും യാത്ര.... കാലിനടിയിൽ തണുപ്പ് അരിച്ചുകയറുന്നു, നോക്കുമ്പോൾ ചുറ്റും വെള്ളം.....

Saturday, 2 June 2012

പെയ്തിന്റെ നാനാര്‍ത്ഥം

കറത്തിരുണ്ട ആകാശത്തിലെ
കനം  തൂങ്ങിയ മേഘങ്ങളില്‍-
നിന്നുരുണ്ട് വീഴുന്നത്
ദുഖമുള്ള മഴകളാണത്രേ..
തേങ്ങി ത്തേങ്ങി തീരുന്നവ..

           തെളിഞ്ഞ വാനിന്റെ
           നിറഞ്ഞ നീലിമയില്‍-
           നിന്ന് ചിന്നിച്ചിതറുന്നത്‌
           സന്തോഷമുള്ള മഴകളാണത്രേ
           ഒരു പൊട്ടി ച്ചിരിയോടെ
           പെട്ടെന്ന് തീരുന്നവ .....

വേനല്‍

വറ്റിപ്പോയ പുഴയ്ക്കക്കരെ
നില്‍ക്കുമ്പോള്‍
 നീയാണ് പറഞ്ഞത്
നമുക്കൊരു 
പാലമുണ്ടാക്കണമെന്നു
എന്റെ ഹൃദയത്തില്‍ നിന്ന് 
നിന്റെ
പ്രണയത്തിലേക്ക് .....
ഒരു നാള്‍ പ്രളയമുണ്ടാകുമെന്നും,
നമ്മള്‍ മാത്രം ബാക്കിയാകുമെന്നും..
നമ്മള്‍... 
ഒരു വലിയ നുണയായിരുന്നു.
എങ്കിലും, 
എവിടെയൊക്കെയോ
നമ്മള്‍ ഒരിത്തിരി നമുക്കുവേണ്ടി
കൊതിക്കുന്നു...
നമ്മള്‍ നമ്മള്‍ മാത്രമാവുന്നു.....   

ബ്ലുടൂത്ത്

പള്ളിയുറക്കക്കാരുടെ ശ്രദ്ധയ്ക്ക്
റയില്‍വേ സ്റ്റേഷനിലോ,
ബസ്സ്സ്റ്റാന്റിലോ,
കട തിണ്ണയിലോ ,
കുറ്റി കാട്ടിലോ,
നിറം വറ്റിയ നേരത്ത്
ഉടു  തുണിയില്ലാതെ
ആളനക്കം കണ്ടാല്‍
നോക്കി നില്‍ക്കരുതേ
ക്യാമറയില്‍ പകര്‍ത്തരുതേ
നിവൃത്തികേടു കൊണ്ടാവും

Friday, 1 June 2012

പ്രണയാസ്തമയം

നമുടെ സ്പന്ദനങ്ങൾ
ഒന്നാണെന്നറിഞ്ഞ രാത്രികളിൽ
എന്നിലൊഴുകിയ പുഴ
നീ നിറയുന്നതാണ്...
വാക്കിന്റെ കല്ലേറുകൂടുന്ന
പകലുകളിൽ... എന്നെ
തലോടിയ കാറ്റ് നിന്റെ
നിശ്വാസത്തിന്റെതാണ് ...
മധുരമൂറ്റി, ഇലകൾ ചവച്ചുതുപ്പി
ഏറെയുമൊന്നിച്ച് തോളുചേർന്ന്
കുന്നുകൾ കയറിയ
സന്ധ്യയുടെ ചിരികളിൽ
നമ്മുടെ വേരുകളുടെ ആഴ-
മളന്ന് ഒന്നിച്ചിരിക്കുമ്പോഴും
നിന്റെ
കണ്ണുകളുടെ തിളക്കം
എന്നോടു പറഞ്ഞ കഥ
അസ്തമയത്തെക്കുറിച്ച്....

എന്റെ നാട്ടുവർത്തമാനങ്ങൾ

ശ്രീവിദ്യ രണ്ടാമതും പെറ്റു
പീടികകോലായിൽ കുമാരേ-
ട്ടനും, കോയക്കായും, ജോസഫും
ഒരുമിച്ചിരിക്കാൻ വരാറില്ല,
മുറിബീഡി കത്തിച്ച്
വലതുപക്ഷവും ഇടതുപക്ഷവും
ചവയ്കുന്ന ബുദ്ധിജീവി രാമേട്ടനും,
ഹാജ്ജ്യാര് മമ്മദും വീട്ടിൽ നിന്ന്
പുറത്തിറങ്ങാറേയില്ല.
രാജന്റെ കാമുകി, ഭാര്യയായി....
അടുത്ത വീട്ടിലെ ഗൾഫുകാരന്റെ..!
കലുങ്കിൽ ഒറ്റയ്കിരിക്കുന്ന രാജനു
ഭ്രാന്താണെന്നും പറയുന്നുണ്ട്.
എല്ലായിടത്തും ഓടിയെത്താറുള്ള
കൃഷ്ണേട്ടൻ ഒരു നട്ടുച്ചക്ക് പുഴയുടെ
ആഴങ്ങളിലേക്ക് നടന്നു....
ആഴങ്ങളിൽ മുൻപേ പോയവരെല്ലാം
അന്ന് തിരിച്ചുവന്നു. 
കുറച്ച് ദിവസം, ഇവിടെയൊക്കെ
കറങ്ങി നിന്നു .
എന്തൊക്കെയായാലും..!
അമ്മുക്കുട്ടിയമ്മ ഇപ്രാവശ്യവും
പഴനിക്ക് പോയി.
വിശേഷങ്ങൾ ഇനിയുമുണ്ട്
ശേഷം അടുത്ത കത്തിലാവാം.

ശൂന്യത....

ഓർമകളുടെ അവസാനമാണോ...?
അതോ...ഓരോന്നും 
അവസാനമായി
അവസാനിപ്പിച്ച് ഒന്നെന്നു
തുടങ്ങാനുള്ള
ഓങ്ങി നിൽപ്പോ....?
ഒന്നുമില്ലായ്മയുടെ 
രണ്ടറ്റവും കൂട്ടി-
മുട്ടിച്ച് ഉള്ളു തുറന്നു
വിശാലമായ
പുറം ലോകത്തേക്ക് തുറന്നിട്ട
ജാലകമോ.....?
ഇനിയില്ലെന്നു ചൊല്ലുന്ന
ശ്മ്ശാനങ്ങളുടെ നെഞ്ചിലെ ഭസ്മമോ...?
ആളൊഴിഞ്ഞ
 ഇടനാഴികളിൽ
എന്നോ മറന്നിട്ട വാക്കിൻ
മുഴക്കമോ....?
കരഞ്ഞു കലങ്ങിയ കണ്ണുകളിൽ
ഇന്നലെ
 നീ മറന്നിട്ട ഒറ്റനോട്ടമോ...?
ഏതാണു ശൂന്യത.........?

ദൈവത്തിന്റെ സ്വന്തം നാട്

ഇതു ആയുധപ്പുര
ശിവന്നു ശൂലവും
വിഷ്ണുവിനു ചക്രവും
കാളിയ്ക് വാളും
കുലദൈവങ്ങൾക്കു കുന്തവും
ഏറ്റാൻ കുരിശും
എറിയാൻ കല്ലും
ദൈവത്തിന്റെ സ്വന്തം നാട്.

സിക്കാഡ...

ഇരുളേറെയുണ്ടെങ്കിലും
ഇത്തിരി വെട്ടം മതി
ഇവരിറങ്ങാൻ
ഈയാമ്പാറ്റകൾ
ഇരുചക്ര വണ്ടികൾ....